Egg begetable fried rice റസ്റ്റോറന്റ് രുചിയിൽ ഒരു ഫ്രൈഡ് റൈസ് ഇനി വീട്ടിലും തയ്യാറാക്കാം! കുട്ടികൾ മുതൽ പ്രായമായവർ വരെ മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ഫ്രൈഡ് റൈസ്. ധാരാളം പച്ചക്കറികൾ ഉപയോഗിച്ച് തയ്യാറാക്കുന്നതു കൊണ്ട് തന്നെ ഇത് അത്യാവശ്യം ഹെൽത്തിയായ ഒരു ഡിഷ് ആയി കൂടി പറയാവുന്നതാണ്. എന്നാൽ മിക്കപ്പോഴും ഫ്രൈഡ് റൈസ് തയ്യാറാക്കുമ്പോൾ അതിന് ഉദ്ദേശിച്ച രീതിയിൽ രുചി ലഭിക്കാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു എഗ്ഗ് വെജിറ്റബിൾ ഫ്രൈഡ് റൈസിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാനായി ആദ്യം തന്നെ ഒന്നര കപ്പ് അളവിൽ ബസ്മതി റൈസ് നല്ലതുപോലെ കഴുകി അരമണിക്കൂർ നേരം കുതിരാനായി വെള്ളത്തിൽ ഇട്ട് വയ്ക്കണം. ഈയൊരു സമയം കൊണ്ട് ഫ്രൈഡ് റൈസിലേക്ക് ആവശ്യമായ ക്യാരറ്റ്,ബീൻസ്, സ്പ്രിങ് ഒനിയൻ, കാബേജ്, ഉള്ളി,വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞെടുത്ത് മാറ്റിവയ്ക്കാം. അരി വെള്ളത്തിൽ കിടന്ന് കുതിർന്നു വന്നു കഴിഞ്ഞാൽ അത് അരിച്ചെടുത്ത് വയ്ക്കണം.
അരി തിളപ്പിക്കാൻ ആവശ്യമായ വെള്ളം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച ബസ്മതി റൈസ് ചേർത്ത് കൊടുക്കുക. അരി മുക്കാൽ ഭാഗം വേവായി കഴിഞ്ഞാൽ അത് വെള്ളത്തിൽ നിന്നും എടുത്ത് അരിച്ച് മാറ്റിവയ്ക്കാം. ശേഷം ഒരു കടായി അടുപ്പത്തുവെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് സൺഫ്ലവർ ഓയിൽ ഒഴിച്ച് 4 മുട്ട പൊട്ടിച്ചൊഴിക്കുക. അതോടൊപ്പം അല്പം ഉപ്പും കുരുമുളകുപൊടിയും
ചേർത്ത് ഒന്ന് സ്ക്രാമ്പിൾ ചെയ്തെടുക്കാവുന്നതാണ്. ശേഷം മറ്റൊരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് സൺഫ്ലവർ ഓയിൽ ഒഴിച്ച് എടുത്തുവച്ച പച്ചക്കറികളെല്ലാം ഇട്ട് ഒന്ന് വഴറ്റിയെടുക്കുക. ശേഷം അല്പം ഉപ്പ്, ചില്ലി സോസ് എന്നിവ ചേർത്ത് ഒന്നുകൂടി വഴറ്റാം. അതിലേക്ക് സ്ക്രാമ്പിൾ ചെയ്തു വെച്ച മുട്ടയും വേവിച്ചുവച്ച അരിയും കൂടി ചേർത്ത് അല്പം കുരുമുളകുപൊടിയും സോയാസോസും ചേർത്ത് ചൂട് കൂട്ടിവെച്ച് മിക്സ് ചെയ്ത് എടുക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ രുചികരമായ ഫ്രൈഡ് റൈസ് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.