രുചികരമായ നാടൻ കൊഴുക്കട്ട എളുപ്പത്തിൽ തയ്യാറാക്കാം| Nadan Kozhukatta Recipe

!പ്രഭാതഭക്ഷണമായും, നാലുമണി പലഹാരമായുമൊക്കെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും കൊഴുക്കട്ട. എന്നാൽ ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിൽ ആയിരിക്കും കൊഴുക്കട്ട തയ്യാറാക്കുന്നത്. അത്തരത്തിൽ ചെയ്തു നോക്കാവുന്ന രുചികരമായ ഒരു കൊഴുക്കട്ടയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.ആദ്യം തന്നെ കൊഴുക്കട്ടയിലേക്ക് ആവശ്യമായ മാവ് തയ്യാറാക്കണം.

അതിനായി ഒന്നര കപ്പ് അളവിൽ വെള്ളമെടുത്ത് അതിൽ അല്പം ജീരകവും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം നല്ല രീതിയിൽ തിളച്ചു തുടങ്ങുമ്പോൾ ആവശ്യത്തിനുള്ള ഉപ്പു കൂടി വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം അത്യാവശ്യം വട്ടമുള്ള ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു കപ്പ് അളവിൽ അരിപ്പൊടി ഇട്ടു കൊടുക്കാവുന്നതാണ്.

വെള്ളം വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ കുറേശ്ശെയായി അരിപ്പൊടിയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഒരു സ്പൂണോ മറ്റോ ഉപയോഗിച്ച് മാവ് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്ത് ഒട്ടും കട്ടകളില്ലാതെ യോജിപ്പിച്ച് എടുക്കണം.അടുത്തതായി കൊഴുക്കട്ടയിലേക്ക് ആവശ്യമായ തേങ്ങയുടെ കൂട്ട് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ

അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം അല്പം ജീരകവും അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് ഒന്ന് ഫ്രൈ ചെയ്ത് എടുക്കുക. പിന്നീട് അതിലേക്ക് ആവശ്യത്തിനുള്ള തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. തേങ്ങ നെയ്യിൽ കിടന്ന് ഒന്ന് വഴണ്ട് വരുമ്പോൾ മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി ചേർത്ത് കൊടുക്കാവുന്നതാണ്. അവസാനമായി വെള്ളത്തിൽ കുറച്ചുനേരം കുതിർത്തി വെച്ച അവലും,

നേന്ത്രപ്പഴം ചെറുതായി അരിഞ്ഞതും കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. ഈയൊരു കൂട്ട് ചൂടാറാനായി മാറ്റിവയ്ക്കാം.ഈയൊരു സമയം കൊണ്ട് കൊഴുക്കട്ട ആവി കയറ്റി എടുക്കാൻ ആവശ്യമായ വെള്ളം തിളപ്പിക്കണം. പാത്രത്തിൽ നിന്നും നല്ല രീതിയിൽ ആവി വന്നു തുടങ്ങുമ്പോൾ ഉണ്ടാക്കിവച്ച മാവിൽ നിന്നും ഓരോ ഉരുളകൾ എടുത്ത് അതിനകത്ത് ഫില്ലിംഗ്സ് നിറച്ച് സെറ്റ് ചെയ്തെടുക്കുക. മാവ് മുഴുവനായും ഉരുട്ടി എടുത്ത് കഴിഞ്ഞാൽ ആവി കയറ്റി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.