Leftover Rice And Egg Snack : എല്ലാ ദിവസവും നാലുമണി പലഹാരത്തിനായി എന്ത് ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക അമ്മമാരും. അതേസമയം വീട്ടിൽ ബാക്കിവരുന്ന ചോറ് ഒന്നും ചെയ്യാൻ പറ്റാതെ വെറുതെ കളയുന്ന പതിവും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. അത്തരം അവസരങ്ങളിൽ ബാക്കി വന്ന ചോറും ഒരു മുട്ടയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ ചോറിട്ട് കൊടുക്കുക. അതിലേക്ക് ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. പലഹാരം തയ്യാറാക്കുമ്പോൾ മുട്ടയുടെ മണം ഉണ്ടാകാതിരിക്കാനായി അല്പം വലിയ ജീരകം കൂടി മാവിന്റെ കൂട്ടിലേക്ക് ചേർത്ത് ഒന്നുകൂടി കറക്കി എടുക്കുക. അരച്ചെടുത്ത മാവിന്റെ കൂട്ട് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
മാവ് നല്ലതുപോലെ കട്ടിയായി കിട്ടാൻ കുറച്ചു ഗോതമ്പ് പൊടി കൂടി ചേർത്തു കൊടുക്കണം. അതായത് ഒരു കപ്പ് അളവിലാണ് ചോറ് എടുക്കുന്നത് എങ്കിൽ ഏകദേശം മുക്കാൽ കപ്പ് അളവിലാണ് ഗോതമ്പ് പൊടി ആവശ്യമായി വരിക. ഗോതമ്പുപൊടി ഒരു കാരണവശാലും ഒരുമിച്ച് മാവിലേക്ക് ഇട്ടു കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. മാവിന്റെ കൺസിസ്റ്റൻസി നോക്കി ആവശ്യാനുസരണം അളവിലാണ് ഗോതമ്പുപൊടി മാവിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കേണ്ടത്
അതായത് കയ്യിൽ പിടിക്കുമ്പോൾ ഉരുട്ടിയെടുക്കാൻ പറ്റുന്ന പരുവത്തിൽ ആയിരിക്കണം മാവിന്റെ കൺസിസ്റ്റൻസി. മാവ് റെഡിയായി കഴിഞ്ഞാൽ സ്നാക്ക് വറുത്തെടുക്കാനാവശ്യമായ കാര്യങ്ങൾ ചെയ്തെടുക്കാം. ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് അത് എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. പലഹാരം എണ്ണയിൽ കിടന്ന് നല്ലതുപോലെ ഫ്രൈ ആയി ഇളം ബ്രൗൺ നിറമാകുമ്പോൾ വറുത്ത് കോരാവുന്നതാണ്. ബാക്കിവന്ന മാവു കൂടി ഈ ഒരു രീതിയിൽ വറുത്തെടുക്കാം. ഇപ്പോൾ നല്ല രുചികരമായ വേറിട്ട ഒരു നാലുമണി പലഹാരം റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.